കൊച്ചി: ഭിന്നശേഷിക്കാര്‍ക്കു സ്വയംപര്യാപ്തത ഉറപ്പാക്കുകയെന്നത് സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി ഡോ. ആര്. ബിന്ദു.
ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഏബിള്‍ പോയിന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന പദ്ധതിയാണു ഏബിള്‍ പോയിന്റ്. 100 പൊതുസ്ഥലങ്ങളില്‍ കണ്ടെയ്നര്‍ മാതൃകയിലുള്ള നിര്മിതികളിലാണ് ഇവ പ്രവര്‍ത്തിക്കുക. ഇതുവഴി 200 ഭിന്നശേഷിക്കാര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് ഗാന്ധി പാര്‍ക്കിനു സമീപമാണ് ആദ്യ ഏബിള്‍ പോയിന്റ് തുറന്നിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പറേഷന് ചെയര്‍പേഴ്സണ്‍ അഡ്വ. ജയ ഡാലി അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്ഷ മിജു, ഭിന്നശേഷി ക്ഷേമ കോര്പറേഷന് റീജണല്‍ ഓഫീസര്‍ രാജാംബിക, ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ. കേശവദാസ്, ഏബിള്‍ പോയിന്റ് വൊളണ്ടിയര്‍ ആദിത്യന് തുടങ്ങിയവര്‍ പങ്കെടുത്തു.